ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ കൊച്ചി നാട്ടുരാജ്യത്തിന്റെ ഉത്തര അതിർത്തിയിൽ തലപ്പിള്ളി ദേശത്തിന്റെ വടക്കേ അറ്റത്ത് മണക്കോട്ടച്ചൻ എന്ന പേരിൽ പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഒരു നാടുവാഴി ഉണ്ടായിരുന്നു. സർക്കാർ രേഖകളിൽ 'മണക്കോട്ടുക നായർ' എന്ന പേരിലും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ തലസ്ഥാനം മുള്ളൂർക്കരയായിരുന്നു. മുള്ളൂർക്കര കേന്ദ്രീകരിച്ച് അദ്ദേഹത്തിന് നിരവധി ഭൂസ്വത്തുക്കളും ഉണ്ടായിരുന്നു. വടക്കാഞ്ചേരിക്കും ചെറുതുരുത്തിക്കും ഇടയിൽ ഒരു കാലത്ത് സ്ഥിതി ചെയ്തിരുന്ന 'ഐരൂർ' നാടിന്റെ തലസ്ഥാനം കൂടിയായിരുന്നു മുള്ളൂർക്കര. 1700-കളിൽ മണക്കോട്ടച്ചന്റെ പിന്തുണയോടെയാണ് സാമൂതിരി രാജാവ് കൊച്ചി രാജ്യത്തിന്റെ ഏതാനും ഭാഗങ്ങൾ പിടിച്ചടക്കിയത്. എന്നാൽ പിന്നീട് ഉണ്ടാക്കപ്പെട്ട ഒരു ഉടമ്പടി പ്രകാരം സാമൂതിരി കൊച്ചി രാജ്യത്തിൽ നിന്ന് പിൻവാങ്ങിയതോടെ മണക്കോട്ടച്ചൻ അന്നത്തെ കൊച്ചി രാജ്യത്തിന്റെ ക്രോധത്തിനിരയായി. 1740-ൽ ഒരു രാജ്യദ്രോഹി എന്ന നിലയിൽ മണക്കോട്ടച്ചന്റെ സ്വത്ത് കണ്ടുകെട്ടുകയും അദ്ദേഹത്തെയും കുടുംബക്കാരെയും സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു. മണക്കോട്ട തറവാട്ടു സ്വത്തുകളെല്ലാം പിന്നീട് ലഭിച്ചത് കൊച്ചിയിലെ പ്രധാന മന്ത്രി കൂടി ആയിരുന്ന പാലിയത്തച്ചനാണ്. സ്ഥാനഭ്രഷ്ടരാക്കപ്പെട്ടവർ കൊച്ചി രാജ്യത്തിന്റെ തന്നെ മറ്റൊരു അതിർത്തിയായ കണയന്നൂർ ഭാഗങ്ങളിലേക്ക് കുടിയേറി. ഇതിന് രാജാവ് തടസ്സം നിന്നില്ല. നൂറ്റാണ്ടുകൾക്ക് ശേഷം മണക്കോട്ടു തറവാട്ടുകാർ മുള്ളൂർക്കരയുടെ സ്വത്തുക്കളിൽ അവകാശം സ്ഥാപിക്കാൻ തൃശ്ശൂർ കോടതിയിൽ ഹർജി കൊടുത്തു. പ്രസ്തുത വ്യവഹാരത്തിൽ പാലിയത്ത് രാമൻവലിയച്ചൻ കോടതി മുമ്പാകെ ഹാജരായി അന്യായം ബോധിപ്പിച്ചെങ്കിലും വിധി അദ്ദേഹത്തിനെതിരായി എന്ന് ചരിത്രം പറയുന്നു